news

ജനജാഗ്രത യാത്രയ്ക്ക് പാലായില്‍ ഉജ്ജ്വല വരവേല്പ്

30 Oct , 2017  

പാലാ: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടിക്കണക്കിന് രൂപ ഇളവ് അനുവദിക്കുമ്പോള്‍ മറുകൈ കൊണ്ട് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയയ്ക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്ത് കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത ബി.ജെ.പി. ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകളുടെ 6700 കോടി രൂപ വായ്പകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് എഴുതി തള്ളിയത്. രാജ്യത്താകമാനം കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കത്താണ്. നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. രാജ്യത്തുടനീളം ഇന്ന് കര്‍ഷകര്‍ പോരാട്ടങ്ങളുടെ പാതയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നിലും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളിലും തമ്പടിച്ച് പ്രക്ഷോഭണത്തിലാണ് കര്‍ഷകര്‍. ആത്മഹത്യയല്ല പോരാട്ടാമാണ് വേണ്ടതെന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നു. കര്‍ഷകരുടെ പക്ഷം ചേര്‍ന്ന് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും വമ്പിച്ച പ്രക്ഷോഭണത്തിന് തയ്യാറെടുക്കുകയാണെന്നും കാനം പറഞ്ഞു. എല്‍.ഡി.എഫ്. സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രത യാത്രയ്ക്ക് പാലായില്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 8 മുതല്‍ 12 വരെ ഇന്ത്യയിലെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ മാഹാധര്‍ണ്ണ നടത്തിക്കൊണ്ട് കര്‍ഷകരുടെ പോരാട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയനുകളും പങ്കാളികളാകുകയാണെന്നും കാനം പറഞ്ഞു. പാലായില്‍ നടന്ന സ്വീകരണ സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ലാലിച്ചന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ എ. വിജയരാഘവന്‍, അഡ്വ. ജോര്‍ജ്ജ് തോമസ്, ബാബു കാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി.എം. മാത്യു എക്‌സ് എം.എല്‍.എ., സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എം.ഡി. ജോസഫ്, സംഘാടക സമിതി കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്ജ്, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, ആര്‍. സുശീലന്‍, മറ്റത്തില്‍ വക്കച്ചന്‍ എക്‌സ് എം.പി., അഡ്വ. സണ്ണി ഡേവിഡ്, ബെന്നി മൈലാടൂര്‍, സിബി തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയായി സമ്മേളന നഗറില്‍ എത്തി. തുടര്‍ന്ന് നടന്ന സ്വീകരണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കിടങ്ങൂരില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ പാലായില്‍ എത്തിച്ചേര്‍ന്നത്.


Comments are closed.