news

റോഡുകള്‍ക്ക് 7.31 കോടി : ജോസ് കെ.മാണി

20 Jul , 2017  

പാലാ : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍പ്പെടുത്തി മരങ്ങാട്ടുപള്ളി, മീനച്ചില്‍, രാമപുരം പഞ്ചായത്തുകളിലെ മൂന്ന് റോഡുകളുടെ ആധുനിക രീതിയിലുള്ള നവീകരണത്തിനായി 7.31 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ എംപവേര്‍ഡ് കമ്മറ്റിയാണ് പദ്ധതിയ്ക്ക് അന്തിമ അനുമതി നല്‍കിയത്. മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലെ 7 കിലോമീറ്റര്‍ നീളം വരുന്ന ആണ്ടൂര്‍ – ഇലക്കല്‍ -പാലക്കാട്ടുമല റോഡിന് 4.14 കോടി രൂപയുടേയും മീനച്ചില്‍ പഞ്ചായത്തിലെ 2 കിലോമീറ്റര്‍ നീളം വരുന്ന പൂവരണി അമ്പലം – പി.എച്ച്.സി റോഡിന് 1.43 കോടി രൂപയുടേയും രാമപുരം പഞ്ചായത്തിലെ 2 കിലോമീറ്റര്‍ നീളം വരുന്ന കൊണ്ടാട് – മുക്കനെല്ലി- വലിയമരുത് റേഡിന് 1.74 കോടി രൂപയുടേയും അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവുമായി നിരവധി തവണചര്‍ച്ച നടത്തിയതായും എം.പി പറഞ്ഞു. നാഷണല്‍ റൂറല്‍ റോഡ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള സാങ്കേതിക വിദഗ്ദ സമിതിയാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും റോഡുകളുടെ നിര്‍മ്മാണം നടക്കുക. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയരുകയും പ്രദേശങ്ങളുടെ സമഗ്രവികസനത്തിന് പുത്തനുണര്‍വേകുമെന്നും ജോസ് കെ.മാണി എം.പി അറിയിച്ചു. പദ്ധതി എത്രയും വേഗം തുടക്കം കുറിക്കുവാനായി ബദ്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും എം.പി പറഞ്ഞു.

news

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന് കൊടിയേറി

20 Jul , 2017  

പാലാ: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന് കൊടിയേറി. കൊടിയേറ്റ് കര്‍മ്മം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. മാര്‍ ജേക്കബ് മുരിക്കന്‍, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ്, രൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. തോമസ് പാറയ്ക്കല്‍, ഫാ. മൈക്കിള്‍ നരിക്കാട്ട് എന്നിവര്‍ പങ്കെടുത്തു. 28നാണ് പ്രധാന തിരുന്നാള്‍.

news

മാര്‍ക്കറ്റിംഗ് സംഘങ്ങളിലെ ക്രമക്കേട്: നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം.

17 Jul , 2017  

പാലാ: മീനച്ചില്‍ റബര്‍മാര്‍ക്കറ്റിംഗ് സംഘത്തിനെതിരെയും പാലാ മാര്‍ക്കറ്റിംഗ് സംഘത്തിനെതിരേയും നിയമനടപടികള്‍ വേഗത്തിലാക്കാന്‍ സഹകരണവകുപ്പിന്റെ തീരുമാനം. ഇരു സംഘങ്ങളുടെയും തകര്‍ച്ചയ്ക്കിടയാക്കിയ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സഹകരണവകുപ്പ് നടപടികള്‍ ആരംഭിച്ചു. സഹകരണവകുപ്പ് നിയോഗിച്ച അന്വേഷണസമിതികളുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സംഘങ്ങള്‍ക്കുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ ഓരോരുത്തരും വരുത്തിയ നഷ്ടം വീണ്ടെടുക്കാന്‍ റിക്കവറി നടപടികള്‍ ഉണ്ടാകും. ഉത്തരവാദികളായ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും പേരിലുള്ള ഭൂമി ജപ്തി ചെയ്യുന്ന നടപടി വരെ ഉണ്ടാകും. സംഘത്തിലെ ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കും കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്.

news

ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- ജോര്‍ജ്ജ് സി. കാപ്പന്‍

17 Jul , 2017  

പാലാ: കിഴതടിയൂര്‍ ബാങ്കിനെതിരെ ചില തല്പരകക്ഷികള്‍ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി. കാപ്പന്‍ അറിയിച്ചു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് അടയ്ക്കാതെ ജപ്തി നടപടി നേരിടുന്നവാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇവര്‍ കുപ്രചാരണം നടത്തുന്നത്. രാജ്യത്തിനു തന്നെ മാതൃകയായ ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ വളരെ ലാഭകരമായി ബാങ്ക് മുന്നേറുകയാണ്. പാലായിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണമേഖലകളില്‍ ബാങ്ക് വഹിക്കുന്ന സേവനം വിലമതിക്കാനാവാത്തതാണ്. ബാങ്ക് പ്രതൃക്ഷമായി ഇരുന്നോറോളം പേര്‍ക്ക് തൊഴില്‍ നല്കുന്നു. ബാങ്കിന്റെ നിക്ഷേപം 300 കോടിയും ലാഭം 4 കോടി 75 ലക്ഷം രൂപയും, ബാങ്കിതര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം 1.46 കോടിയുമാണ്.