സൈക്കിളില്‍ ലോകം ചുറ്റുന്ന കദാമിനു കുരുന്നുകളുടെ ആദരവ്
പാലാ: സമാധാനത്തിന്റെയും ദേശീയോദ്‌ഗ്രഥനത്തിന്റെയും സന്ദേശവുമായി സൈക്കിളില്‍ ലോകസഞ്ചാരം നടത്തുന്ന മഹാരാഷ്‌ട്രാ സ്വദേശിക്ക് കുരുന്നുകളുടെ ആദരവ്. സമാധാനത്തിന്റെ സന്ദേശവും ഭാരതസംസ്‌കാരവും ഏവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റയ്‌ക്ക് സൈക്കിളില്‍ സഞ്ചാരം നടത്തുന്ന മഹാരാഷ്‌ട്രാ ഉല്ലാസ് നഗര്‍ സ്വദേശി മനോഹര്‍ കദാമിനാണ് ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആദരവ് നല്‍കിയത്. ദേശീയപതാക ഉയര്‍ത്തിയ സൈക്കിള്‍ ചവിട്ടി സ്‌കൂള്‍ അങ്കണത്തിലേയ്‌ക്ക് കടന്നുവന്ന കദാമിനെ വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. തുടര്‍ന്നു തന്റെ യാത്രയുടെ ലക്ഷ്യങ്ങള്‍ കദാം വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. ഭീകരവാദത്തിനെതിരെ സമാധാനത്തിന്റെ സന്ദേശമുണര്‍ത്തി താന്‍ കടന്നുവന്ന വഴിതാരകളിലെ അനുഭവങ്ങള്‍ കദാം വിവരിച്ചു. അമ്പത്തിമൂന്നാം വയസ്സിലും പ്രായം തളര്‍ത്താത്ത ആവേശവുമായിട്ടാണ് കദാം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചത്. 2004-ല്‍ സൈക്കിളിലാരംഭിച്ച യാത്ര ഇതിനോടകം 32000 കിലോമീറ്റര്‍ പിന്നിട്ടെന്ന് കദാം പറഞ്ഞു. ദിവസവും രാവിലെ ആറിനു ഒരു ഗ്ലാസ് പാലും കുറച്ചു പഴങ്ങളും കഴിച്ചു യാത്ര തുടങ്ങും. ഓരോ സ്ഥലത്തെയും അനുഭവങ്ങള്‍ ഡയറിയില്‍ കുറിക്കുന്നതോടൊപ്പം ഫോട്ടോകളും പകര്‍ത്തിയാണ് യാത്ര. ഇതോടൊപ്പം അതതു പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ ചെന്ന് അധികാരികളെ കൊണ്ട് ഡയറിയില്‍ എഴുതിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ശ്രീലങ്കയടക്കമുള്ള സമീപരാജ്യങ്ങളിലും സമാധാനസന്ദേശവുമായി കദാം പ്രചരണം നടത്തിയ ശേഷമാണ് തമിഴ്‌നാട്‌വഴി കേരളത്തിലെത്തിയത്. ധനുഷ്‌കോടിയിലെ രാമസേതുവില്‍നിന്നും ശേഖരിച്ച വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകളും വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചു കൊടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മഹാരാഷ്‌ട്രാ ഉപമുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ തുടങ്ങിയവരുടെ ആശംസകളും കദാമിന്റെ യാത്രയ്‌ക്ക് ആവേശം പകരുന്നു. ഭാര്യയും രണ്ടുകുട്ടികളുമുള്ള കദാം വരുന്ന ഏപ്രിലിലാണ് യാത്ര തുടങ്ങി ആറുവര്‍ഷത്തിനുശേഷം ആദ്യമായി വീട്ടിലെത്തുക.
ചാവറ സി.എം.ഐ. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഡയറക്‌ടര്‍ ഫാ. മാത്യു കരീത്തറ കദാമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്നു സ്‌കൂളിന്റെ ഉപഹാരവും അനുമോദനസര്‍ട്ടിഫിക്കറ്റും കദാമിനു കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബോബി ജോസഫ്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയും മഹാരാഷ്‌ട്രാ സ്വദേശിനിയുമായ സ്വാതി തനാജി ഷിന്‍ഡേ മറാത്ത ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ചു.
13-01-10
|