Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

നഗരസഭ പ്രതിപക്ഷനേതാവ്‌ ഇടതുമുന്നണിയില്‍ നിന്ന്‌ രാജിവെച്ച്‌ കോരളാ കോണ്‍ഗ്രസ്‌ (എം) ലേയ്‌ക്ക്‌.


പാലാ: പാലാ നഗരസഭയിലെ പ്രതിപക്ഷനേതാവ്‌ ചെറിയാന്‍ സി.കാപ്പന്‍ ഇടതുമുന്നണിയില്‍ നിന്ന്‌ രാജിവെച്ച്‌ കെ.എം.മാണി നേതൃത്വം നല്‌കുന്ന കേരളാകോണ്‍ഗ്രസ്‌(എം) ല്‍ ചേര്‍ന്നു. ഇടതുപക്ഷസര്‍ക്കാരിന്റെ വികസനവിരുദ്ധ നടപടികളില്‍ പ്രതിക്ഷേധിച്ചാണ്‌ തന്റെ രാജി തീരുമാനമെന്ന്‌ ചെറിയാന്‍ സി. കാപ്പന്‍ പറഞ്ഞു. കെ.എം.മാണി എം.എല്‍.എ യാണ്‌ ചെറിയാന്‍ സി കാപ്പന്‍ പാര്‍ട്ടിയിലേക്കു വരുകയാണെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്‌. ഇടതുപക്ഷത്ത്‌ നിന്ന്‌ ഓരോരുത്തരായി പുറത്തുപോകുകയാണെന്ന്‌ കെ.എം.മാണി പറഞ്ഞു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമായ കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ കെ.എം.മാണിയുടെ 'അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തം' തന്നെ ഏറെ സ്വാധീനിച്ചതെന്ന്‌ കാപ്പന്‍ പറഞ്ഞു.പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ കെ.എം.മാണി തന്റെ പാര്‍ട്ടി അംഗങ്ങളോടു കാണിക്കുന്ന വ്യക്തിപരമായ താല്‌പര്യവും, പരിഗണനയും സര്‍വ്വോപരി അദ്ദേഹത്തിന്റെ നേതൃഗുണവുമാണ്‌ തന്നെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ പാനലില്‍ സ്വതന്ത്രനായി 2000 മുതല്‍ കൗണ്‍സിലറായി വിജയിക്കുകയും 2005 മുതല്‍ നഗരസഭ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചുവരികയും ചെയ്‌ത കാപ്പന്‍, തന്റെ പ്രതിപക്ഷനേതൃ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാഷ്ട്രീയ മര്യാദയുടെ പേരില്‍ രാജിവെയ്‌ക്കുകയാണെന്നും പറഞ്ഞു.
പാലായുടെ വികസനത്തിന്‌ ഇടതുപക്ഷ ഗവണ്‍മെന്റ്‌ അവഗണന കാണിക്കുന്നു എന്ന്‌ തനിക്ക്‌ ബോധ്യമായതായി കാപ്പന്‍ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ്‌. ഗവണ്‍മെന്റിന്റെ കാലത്ത്‌ പണിപൂര്‍ത്തീകരിച്ച കടപ്പാട്ടൂര്‍ പാലം തുറന്ന്‌ കൊടുക്കുവാന്‍ ഇടതുഭരണത്തില്‍ മൂന്നുവര്‍ഷങ്ങള്‍ വേണ്ടിവന്നു. അപ്രോച്ച്‌ റോഡിന്റെ ടാറിംഗ്‌ വേലകളോ, പൊന്‍കുന്നം റോഡിലേയ്‌ക്കുള്ള ബൈപാസ്‌ റോഡിന്റെ നിര്‍മ്മാണത്തിനോ യാതൊരു നടപടികളും സ്വീകരിക്കാത്ത ഇടതുപക്ഷം പരാജയം മൂടിവെയ്‌ക്കാന്‍ സ്ഥലം എം.എല്‍.എയ്‌ക്ക്‌ എതിരെ നാടൊട്ടുക്ക്‌ പോസ്‌റ്റര്‍ വിപ്ലവം നടത്തിയത്‌ അപഹാസ്യമാണ്‌. പാലായുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്‌ മീനച്ചിലാറ്റില്‍ പരപ്പില്‍ കടവില്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ കിണറിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്‌. ഇതില്‍ മോട്ടോര്‍ സ്ഥാപിക്കുവാന്‍ പോലും വാട്ടര്‍ അതോറിറ്റി ഇതിനോടകം സന്നദ്ധമായിട്ടില്ല. ചെത്തിമറ്റത്ത്‌ കളരിയമാക്കല്‍ കടവില്‍ പാലത്തിനും ചെക്ക്‌ ഡാമിനും യു.ഡി.എഫ്‌ നടപടി നീക്കിയിട്ടും അതിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിക്കാത്തത്‌ ഉത്‌കണ്‌ഠാജനകമാണ്‌. ഇടതുപക്ഷസര്‍ക്കാരിന്റെ പാലായോടുള്ള പ്രതികാരമനോഭാവമാണ്‌ ഇതിനുപിന്നില്‍. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ജനപ്രതിനിധി എന്ന നിലയില്‍ താന്‍ പ്രതിനിധാനം ചെയ്‌ത വാര്‍ഡിലെ എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, രാഷ്ട്രീയമര്യാദയുടെ ഭാഗമായുള്ള രാജി സ്വന്തം തീരുമാനപ്രകാരമാണെന്നും, ആരുടെയും പ്രേരണയാലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചങ്കിലും പ്രദേശത്തിന്റെ വികസനത്തിന്‌ എപ്പോഴും ജനങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ്‌ യശശ്ശരീരനായ ചെറിയാന്‍ ജെ.കാപ്പനുമായി വളരെയധികം ആത്മബന്ധവും, കുടുംബബന്ധവും പുലര്‍ത്തിയിരുന്ന വൃക്തിയായിരുന്നു കെ.എം.മാണിയെന്നും, രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തുപോലും തന്നോട്‌ കെ.എം.മാണി വളരെ മാന്യമായാണ്‌ പ്രതികരിച്ചിരുന്നതെന്നും ചെറിയാന്‍ സി.കാപ്പന്‍ വൃക്തമാക്കി.
പാലാ നഗരസഭയില്‍ നിലവില്‍ 23 അംഗങ്ങളുള്ളതില്‍ ഭരണകക്ഷിയായ കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ 14 പ്രതിനിധികളും, കോണ്‍ഗ്രസിന്‌ 1 അംഗവും, 1 സ്വതന്ത്രാംഗവും 7 പ്രതിപക്ഷ അംഗങ്ങളുമാണ്‌ ഉള്ളത്‌. ചെറിയാന്‍ സി.കാപ്പന്‍ രാജി വച്ചതോടെ പ്രതിപക്ഷ അംഗസംഖ്യ 6 ആയി ചുരുങ്ങി.
18-01-10