Palavartha.com

ജില്ലയിലെ ആദ്യ മോഡല്‍ ഐസിടി സ്‌കൂളായി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തെരഞ്ഞെടുത്തു. 2010-08-25 4:18:38 PM
പാലാ: ജില്ലയിലെ ആദ്യ മോഡല്‍ ഐസിടി സ്‌കൂളായി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തെരഞ്ഞെടുത്തു. സ്‌കൂളില്‍ നടന്ന പ്രഖ്യാപന സമ്മേളനം കെ.എം. മാണി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ഹെഡ്‌മിസ്‌ട്രസ്‌ പി. ജയശ്രീ, ജയകുമാര്‍, ജോര്‍ജ്ജ്‌ ചെറിയാന്‍, ജോയി മരുതോലി, കെ.എന്‍. മോഹനന്‍, പി.എം. മാത്യു, പ്രിന്‍സിപ്പല്‍ വി.ഡി. മറിയാമ്മ, ജോഷി സ്‌കറിയ, ജോണി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

പാലായില്‍ ട്രാഫിക്‌ ഡ്യൂട്ടിയില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കണം: പൗരാവകാശ സമിതി 2010-06-22 11:10:16 AM
പാലാ: പാലായുടെ വികസനാത്മകമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും ഓടകള്‍ നിര്‍മ്മിക്കുന്നതും, ഫുട്‌പാത്തുകള്‍ നിര്‍മ്മിക്കുന്നതുകൊണ്ടും, കാല്‍നടക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരം കാണുന്നതിനും, നാനാദിക്കുകളില്‍ നിന്നും ടൗണിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാനും, എപ്പോഴും റോഡിലെ പൊടികള്‍ ശ്വസിച്ചും, വെയിലും മഴയും വിശ്രമവുമില്ലാതെ കഠിനാദ്വാനം ചെയ്യേണ്ടിവരുന്നത്‌ ട്രാഫിക്കിലെ നാമമാത്രമായ പോലീസുകാര്‍ മാത്രമാണ്‌. ഇതിനിടയില്‍ ടൗണിലുണ്ടാകുന്ന ചെറിയ തര്‍ക്കങ്ങള്‍ പറഞ്ഞ്‌ പരിഹരിക്കുവാനും, വൃദ്ധരായ യാത്രക്കാരെ റോഡ്‌ മുറിച്ചു കടക്കുവാനും പോലീസ്‌ സഹായം കൂടിയേ തീരു എന്ന അവസ്ഥയാണ്‌. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ ഓടകളില്‍ വീഴാതെ നോക്കുവാനും റോഡ്‌ കടത്തി വിടുവാനുംകൂടി എങ്ങനെ കഴിയും എന്ന ചിന്തയിലാണ്‌ പാലായിലെ ട്രാഫിക്‌ പോലീസ്‌. തങ്ങളുടെ കഷ്‌ടതകള്‍ മറന്നുകൊണ്ട്‌ പൊതുജനസേവനം ചെയ്യുന്ന ട്രാഫിക്‌ പോലീസിന്റെ സേവനങ്ങളെ പൗരാവകാശ സമിതി അഭിനന്ദിച്ചു. സാധാരണ പോലീസുകാരും മനുഷ്യത്വവും, പരിഗണനയും ലഭിക്കേണ്ടവര്‍ തന്നെയാണെന്നും ഇവര്‍ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുവാന്‍ ബന്ധപ്പെട്ട അധികാരികളും, സമൂഹവും തയ്യാറാകണമെന്നും പാലായില്‍ കൂടുതല്‍ ട്രാഫിക്‌ പോലീസിനെ നിയോഗിക്കണമെന്നും പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ജോയി കളരിക്കല്‍, അഡ്വ. സിറിയക്‌ ജെയിംസ്‌, തോമസ്‌ ഗുരുക്കള്‍, എ.സി. മനോജ്‌, പി.കെ. ജയ്‌മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മീനച്ചില്‍ താലൂക്കില്‍ വന്‍ മണല്‍വേട്ട. 2010-06-22 11:07:12 AM
പാലാ: മീനച്ചില്‍ തഹസില്‍ദാര്‍ വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പൂഞ്ഞാര്‍ വടക്കേക്കര വില്ലേജില്‍പ്പെട്ട മേസ്‌തിരിപ്പടി ഭാഗത്ത്‌ നിന്നും 10 ലോഡും തീക്കോയി വില്ലേജില്‍പ്പെട്ട മേസ്‌തിരിപ്പടി - ചാമപ്പാറ ഭാഗത്തുനിന്നും 20 ലോഡും അടക്കം 30 ലോഡ്‌ മണല്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മണല്‍ കോട്ടയം നിര്‍മ്മിതി കേന്ദ്രത്തിന്‌ കൈമാറി. റെയ്‌ഡില്‍ പൂഞ്ഞാര്‍ വടക്കേക്കര വില്ലേജാഫീസര്‍ പി.പി. ചാക്കോ, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്‌. സെബാസ്റ്റ്യന്‍, തീക്കോയി എസ്‌.വി.ഒ. വിജയകുമാര്‍, ജേക്കബ്‌ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. അടുത്ത കാലത്ത്‌ മീനച്ചില്‍ താലൂക്കില്‍ നടന്ന ഏറ്റവും വലിയ റെയ്‌ഡുകളില്‍ ഒന്നാണിത്‌. റെയ്‌ഡ്‌ നടപടികള്‍ക്ക്‌ ഈരാറ്റുപേട്ട പോലീസ്‌ ഫ്‌ളയിംഗ്‌ സ്‌ക്വാഡിന്റെ സഹായം ലഭിച്ചു.

പിക്കപ്‌ വാന്‍ നിയന്ത്രണംവിട്ട്‌ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു 2010-06-15 2:37:14 PM
ഈരാറ്റുപേട്ട: പിക്കപ്‌ വാന്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ വാഹനത്തിന്റെ ഉടമസ്ഥന്‍ കൂടിയായ ഡ്രൈവര്‍ മരിച്ചു. വേലത്തുശേരി കുന്നയ്‌ക്കാട്ട്‌ തങ്കച്ചന്‍ ജോസഫ്‌ (42) ആണ്‌ മരണമടഞ്ഞത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിയോടെ റബര്‍ത്തടി കയറ്റി വരുമ്പോള്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞാണ്‌ അപകടമുണ്‌ടായത്‌. പരിക്കേറ്റ തങ്കച്ചനെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ജിബി കരൂര്‍ മുറിയാട്ടിക്കുന്നേല്‍ കുടുംബാംഗം. മകള്‍: അലീന. സംസ്‌കാരംഇന്ന്‌ നാലിന്‌ വേലത്തുശേരി സെന്റെ സെബാസ്റ്റ്യന്‍ പള്ളിയില്‍.



ശുചീകരണത്തൊഴിലാളികളെ കൈയേറ്റം ചെയ്‌തതായി പരാതി. 2010-06-15 2:30:55 PM
പാലാ: നഗരസഭയില്‍ ശുചീകരണജോലി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികളെയും ഡ്രൈവറെയും നഗരസഭാ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതി. സംഭവത്തില്‍ പ്രതിക്ഷേധിച്ച്‌ ജീവനക്കാര്‍ പ്രതിക്ഷേധയോഗം ചേര്‍ന്നു.

ബാത്ത്‌റൂമില്‍ ഒളിഞ്ഞുനോക്കിയ യുവാവ്‌ പിടിയില്‍ 2010-06-04 5:05:39 AM
പാലാ: വ്യാപാര സ്ഥാപനത്തിലെ യുവതി ബാത്ത്‌റൂമില്‍ കയറിയ സമയം ബാത്ത്‌റൂമില്‍ ഒളിഞ്ഞുനോക്കിയ വിദ്യാര്‍ഥിയെ പോലീസ്‌ പിടികൂടി. മുത്തോലിയില്‍ മൊബൈല്‍ കടയില്‍ ജോലിക്കെത്തിയ വള്ളിച്ചിറ സ്വദേശിയും പ്ലസ്‌ടു പാസായതുമായ വിദ്യാര്‍ഥിയെയാണ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പിടികൂടിയതെന്ന്‌ പോലീസ്‌ പറഞ്ഞു. പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറിയ സമയം ഇയാള്‍ മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമം നടത്തിയെന്നും സംശയമുയര്‍ന്നിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേക്ഷണം ആരംഭിച്ചു.

പരിസ്ഥിതി ദിനാചരണം 6-ന്‌. 2010-06-04 5:04:58 AM
പാലാ: കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ രൂപതയിലെ എല്ലാ ഭലനങ്ങളിലും നടപ്പിലാക്കുന്ന \'ഒരു വീടിന്‌ ഒരു മരം\' പദ്ധതിയുടെ ഉദ്‌ഘാടനം ആറിന്‌ രാവിലെ 9-ന്‌ അരുവിത്തുറ പള്ളിയങ്കണത്തില്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിക്കും. തൈ വിതരണത്തിന്‍െ ഉദ്‌ഘാടനം പി.സി.ജോര്‍ജ്‌ എം.എല്‍.എ. നിര്‍വ്വഹിക്കും.

പാലായില്‍ 1,65,030 വോട്ടര്‍മാര്‍ 2010-05-24 1:38:24 PM
പാലാ: പാലാ നിയോജകമണ്ഡല്‌തതില്‍ 1,65,030 വോട്ടര്‍മാര്‍. ഇതനുസരിച്ചുള്ള കരടു വോട്ടര്‍ പട്ടിക താലൂക്ക്‌ ആസ്ഥാനത്ത്‌ പ്രസിദ്ധീകരിച്ചു. തില്‍ 81,915 പുരുഷവോട്ടര്‍മാരും 83115 വനിതാവോട്ടര്‍മാരുമാണുള്ളത്‌. 170 ബൂത്തുകളാണ്‌ പാലാ നിയോജകമണ്ഡല്‌തതില്‍ ഉണ്ടാവുക. പുനര്‍ നിര്‍ണ്ണയിച്ച പാലാ നിയോജകമണ്ഡലത്തില്‍ പാലാ നഗരസഭയ്‌ക്കു പുറമെ കടനാട്‌, മേലുകാവ്‌, മൂന്നിലവ്‌, തലനാട്‌, തലപ്പുലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍, എലിക്കുളം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ്‌.
 

പാലായിലെ ഓടനിര്‍മ്മാണം വൈദ്യുതിത്തൂണുകള്‍ തടസ്സമാവുന്നു. 2010-05-24 1:37:38 PM
പാലാ: നഗരത്തിലെ ഓടനിര്‍മ്മാണത്തിന്‌ വൈദ്യുതത്തൂണുകള്‍ തടസ്സമാവുന്നു. കുരിശുപള്ളി്‌കകു സമീപം ഓടനിര്‍മ്മാണം മുന്നോട്ടു നീങ്ങണമെങ്കില്‍ പോസ്‌റ്റുകള്‍ മാറ്റിസ്ഥാപിക്കണം. ഇതു സംബന്ധിച്ച്‌ പൊതുമരാമത്ത്‌ വകുപ്പ്‌ കെ.എസ്‌.ഇ.ബി.ക്ക്‌ അപേക്ഷ നല്‌കിയിട്ടുണ്ട്‌.

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിച്ചു തുടങ്ങി. 2010-05-11 8:05:23 PM
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം കന്യാകുമാരി സ്വദേശിയായ യുവാവിനെ അസം സ്വദേശി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ്‌ നടപടി. തമിഴ്‌നാട്‌, ആന്ധ്ര, ഒറീസ, അസം, സ്വദേശികളായ ആയിരക്കണക്കിന്‌ തൊഴിലാളികളാണ്‌ പ്രദേശത്ത്‌ ജോലിക്കായ്‌ എത്തിച്ചേര്‍ന്നിരിക്കുന്നത്‌. തിരിച്ചറിയല്‍ കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകാനാണ്‌ ഇവരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ശാക്തീകരിക്കപ്പെട്ട സ്‌ത്രീ രാഷ്ട്രത്തിന്റെ സമ്പത്ത്‌ -മാര്‍ കല്ലറങ്ങാട്ട്‌ 2010-05-11 8:04:11 PM
പാലാ: ശാക്തീകരിക്കപ്പെട്ട സ്‌ത്രീകള്‍ രാഷ്ട്രത്തിന്റെ സമ്പത്താണെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. പാലാ സിവില്‍ സര്‍വ്വീസ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്‌ത്രീ ശാക്തീകരണ പ്രോജക്ടിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണ്‍.ഫിലിപ്പ്‌ ഞരളക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ചു. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.ഡൊമിനിക്‌ വെച്ചൂര്‍, ഡോ.ജോസഫ്‌ വെട്ടിക്കന്‍, റോണി ജോര്‍ജ്‌, അഡ്വ. ഫ്രണ്‍സോ കല്ലക്കാവുങ്കല്‍, പ്രൊഫ. ലീനാ ജോസ്‌മി, ഡോ. ആന്‍സി ജോസഫ്‌ എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി മുടക്കം. ചൂട്ടുകറ്റ കത്തിച്ചു പ്രതിക്ഷേധം. 2010-05-09 6:56:59 AM
 പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായതില്‍ പ്രതിക്ഷേധിച്ച്‌ എന്‍.സി. പി. പ്രവര്‍ത്തകര്‍ പാലാ ടൗണില്‍ നട്ടുച്ചയ്‌ക്ക്‌ ചൂട്ടുകറ്റ കത്തിച്ചു പ്രതിക്ഷേധ പ്രകടനം നടത്തി. തുടര്‍ന്ന്‌ വൈദ്യുതി ഭവനു മുന്നില്‍ ധര്‍ണ്ണയും നടത്തി. എന്‍.സി.പി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഉഴവൂര്‍ വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ബെന്നി മൈലാടൂര്‍ നേതൃത്വം നല്‍കിയ ധര്‍ണ്ണയില്‍ സുബാഷ്‌ പുഞ്ചക്കോട്ടില്‍, എം.പി.കൃഷ്‌ണന്‍ നായര്‍, ക്ലീറ്റസ്‌ ഇഞ്ചിപ്പറമ്പില്‍, സതീഷ്‌ കല്ലക്കുളം, സാംജി പഴേപറമ്പില്‍, തോമസ്‌ മാത്യു, ജോസ്‌ കെ.രാജു എന്നിവര്‍ പങ്കെടുത്തു.


500 രൂപയ്‌ക്കു വേണ്ടി കൊലപാതകം : അസ്സം സ്വദേശി റിമാന്‍ഡില്‍ 2010-05-09 6:56:28 AM
 ഈരാറ്റുപേട്ട: അഞ്ഞൂറു രൂപയ്‌ക്കുവേണ്ടി മേസ്‌തിരിപ്പണിക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസ്സം സ്വദേശിയായ മുഹമ്മദ്‌ ജനാബ്‌ അലി(18)യെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. കന്യാകുമാരി കടപ്പ സ്വദേശി മഞ്ചാടവിളയില്‍ സുനിലാ(30)ണ്‌ കഴിഞ്ഞ ദിവസം വടക്കേക്കര ലോഡ്‌ജില്‍ കൊല്ലപ്പെട്ടത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

എസ്‌.എസ്‌.എല്‍.സി. പാലായില്‍ 97.64% വിജയം. 2010-05-04 6:20:35 AM
പാലാ: എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ പാലാ വിദ്യാഭ്യാസ ജില്ലയ്‌ക്ക്‌ 97.64 ശതമാനം വിജയം. 3895 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3891 പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വിജയശതമാനം നേരിയ തോതില്‍ കുറഞ്ഞു. 83 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ നേടി മികവു തെളിയിച്ചു.

 

Powerd By Palatown.com

Palanews.com | Mypala.com | Pala.co.in | MyAlphonsa.com