ചിറ്റാര്‍ പള്ളി കൂദാശ ചെയ്തു
പാലാ: മരിയ സ്തുതികളും ഇടവക സമൂഹത്തിന്റെ പ്രാര്‍ഥനാ മജ്ഞരികളും ഉയര്‍ന്ന പാവന നിമിഷത്തില്‍ പുതിയതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു. . പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ദൈവാലയ കൂദാശ തിരുകര്‍മങ്ങള്‍. മോണ്‍.ജോസഫ് തടത്തില്‍, വികാരി ഫാ.മാത്യു പുന്നത്താനത്തു കുന്നേല്‍, ഫാ.കുര്യാക്കോസ് വട്ട മുകളേല്‍,ഫാ.തോമസ് പേഴുംകാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദൈവാലയത്തിന്റെ പ്രധാന വാതിലുകളും അള്‍ത്താരയും ബലിവേദിയും മാമോദീസത്തൊട്ടിയും മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുറോന്‍ അഭിഷേകത്താല്‍ ആശിര്‍വദിച്ചു. കോവി ഡിനെ അതിനീ വിച്ച ആത്മീയതയുടെ പ്രതീകമാണ് ചിറ്റാര്‍ പള്ളിയെന്നും പുതിയ ദേവാലയം നിര്‍മിക്കുമ്പോള്‍ ഇടവക ജനവും നാടും ഒന്നിക്കുകയാണെന്നും മാര്‍ കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു.
തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു.
ജോസ് കെ.മാണി എംപി, മാണി സി.കാപ്പന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളി പ്ലാക്കല്‍ തുടങ്ങി രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വികാരി ജനറാള്‍മാര്‍, ഫൊറോന വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങി നൂറുകണക്കിനു വിശ്വാസികള്‍ തിരുകര്‍മത്തില്‍ പങ്കെടുത്തു. ചടങ്ങിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ചിറ്റാര്‍-പേണ്ടാനംവയല്‍ ബൈപാസ് റോഡില്‍ പഴയ പളളിയുടെയും സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിന്റെയും ചിറ്റാര്‍ തോടിന്റെയും സമീപത്തായിട്ടാണ് പുതിയ ദേവാലയം. പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിലാണ് പുതിയ ദേവാലയം നിര്‍മിച്ചിരിക്കുന്നത്. ആയിരം പേര്‍ക്ക് ഒരേ സമയം തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ കൈക്കാരന്‍മാരായസജി കുര്യത്ത്, തങ്കച്ചന്‍ ചേലയ്ക്കല്‍, ജയ്‌സന്‍ മുലക്കുന്നേല്‍, ബിജു പുലിയുറുമ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.



