Breaking News

header ads

പാലാ ഗവ: ജനറല്‍ ആശുപത്രി ഇനി കെ.എം.മാണി യുടെ പേരില്‍ അറിയപ്പെടും.

 


പാലാ: ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേരു നല്‍കുവാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. പാലാ നഗരസഭയുടേയും ആശുപത്രി മാനേജിംഗ് കമ്മറ്റിയുടേയും തീരുമാനം മന്ത്രി റോഷി അഗസ്റ്റിയന്‍ മുഖേന ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പു മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2004 ലാണ് മീനച്ചില്‍ താലൂക്ക് ആശുപത്രിയെ കെ.എം.മാണിയുടെ ശുപാര്‍ശയില്‍ 341 ബഡുകള്‍ ഉള്ള ജനറല്‍ ആശുപത്രിയായി എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്. ഏഴു നിലകളോടുകൂടിയ ബഹുനില സമുച്ചയവും നിര്‍മ്മിച്ചു'

തുടര്‍ന്ന് കെ.എം.മാണി ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കിയ 9.75 കോടി മുടക്കില്‍ രോഗ നിര്‍ണ്ണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നല്‍കി ഒ.പി. കം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളും  നിര്‍മ്മിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നല്‍കി.

പാലാ മേഖലയിലെ രാമപുരം, മുത്താലി, പൈക, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ ആശുപത്രികള്‍ക്കും ബഹുനില മന്ദിരങ്ങള്‍ അനുവദിക്കുകയുണ്ടായി. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി ഉള്‍പ്പെടെ നിരവധി ആശുപത്രികളെ ജനറല്‍ ആശുപത്രികളായി ബജറ്റ് പ്രഖ്യാപനങ്ങളോടെ ജനറല്‍ ആശുപത്രികളായി ഉയര്‍ത്തുകയും ചെയ്തു.

 ആശുപത്രി മാനേജിംഗ് കമ്മിറ്റിയും പാലാ നഗരസഭാ കൗണ്‍സിലും ജനറല്‍ ആശുപത്രിക്ക് കെ.എം മാണി മാണിയുടെ പേര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഈ വിഷയം മന്ത്രി റോഷി അഗസ്റ്റിയന്‍ വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യമേഖലയ്ക്ക് സമഗ്ര സംഭാവന നല്‍കി ബജറ്റിലൂടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകളും കാരുണ്യാ ചികിത്സാ സഹായപദ്ധതി ഉള്‍പ്പെടെ നടപ്പാക്കുകയും ചെയ്ത കെ.എം.മാണിയോടുള്ള സ്‌നേഹം അദ്ദേഹം പ്രത്യേകം കരുതല്‍ നല്‍കിയ പാലാ ജനറല്‍ ആശുപത്രിക്ക് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു.യോഗത്തില്‍ ടോബിന്‍ കെ.അലക്‌സ്, ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലം പറമ്പില്‍, ജയ്‌സണ്‍മാന്തോട്ടം, ബിജു പാലൂപടവില്‍ എന്നിവര്‍ പ്രസംഗിച്ചു.