Breaking News

header ads

മീനച്ചില്‍ കര്‍ത്താ അന്തരിച്ചു


പാലാ:  പാലാ മീനച്ചില്‍ രാജകുടുംബത്തിലെ മുതിര്‍ന്ന കാരണവരും മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ  ചാവക്കാട് കൊച്ചു മഠത്തില്‍ വീര ദാമോദര സിംഹര്‍ ഭാസ്‌കരന്‍ കര്‍ത്താ (101) അന്തരിച്ചു. സംസ്‌കാരം നടത്തി.  1921 സെപ്റ്റംബര്‍ 12ന് പരമേശ്വരന്‍ പോറ്റിയുടെയും സാവിത്രി തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. ഭാര്യ തലവടി ചെറുശ്ശേരി മഠം പരേതയായ ശാരദ കുഞ്ഞമ്മ.   മക്കള്‍:  രാധാമണി,  ഇന്ദിര, ഗീത, ശ്രീദേവി. പണ്ട് പാലാ ഉള്‍പ്പെടുന്ന ഭൂഭാഗത്തിന്റെ രാജാക്കന്മാരായിരുന്നു  മീനച്ചില്‍ കര്‍ത്താക്കന്മാര്‍. രാജസ്ഥാനിലെ മേവാഡിയില്‍ നിന്ന് തമിഴ്‌നാട്ടിലെ മധുര വഴി എത്തിയവരാണെന്നു  ചരിത്രം.  ഇവര്‍ ആദ്യം താമസിച്ച സ്ഥലം പിന്നീട് മേവിടയായി.  മധുരയില്‍ നിന്ന് പോരുമ്പോള്‍  ആരാധനാമൂര്‍ത്തിയായ മധുരമീനാക്ഷിയെയും കൊണ്ടുവന്നു. മീനച്ചില്‍ എന്ന വാക്ക് മീനാക്ഷിയില്‍ നിന്ന് ഉത്ഭവിച്ചെന്നാണ് ഐതിഹ്യം. മേവിടയില്‍ എത്തിയ കര്‍ത്താക്കന്മാര്‍ പിന്നീട് മേവിട കിഴക്കേടത്ത്, ഞാവക്കാട്ട് കൊച്ചുമഠം, കുമ്പാനി മഠം എന്നിങ്ങനെ മൂന്നായി പിരിഞ്ഞ് താമസമാക്കി. ഞാവക്കാട്ട് കൊച്ചുമഠമായിരുന്നു ഭരണകേന്ദ്രം. വീരദാമോദര സിംഹര്‍ ഭാസ്‌കരന്‍ കര്‍ത്താ 1960 മുതല്‍ 1976 വരെ മുത്തോലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മീനച്ചില്‍ പബ്ലിക്ക് ലൈബ്രറി സ്ഥാപക പ്രസിഡന്റാണ്.