Breaking News

header ads

പാലാ അല്‍ഫോന്‍സാ കോളേജിന്റെ മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി യുവതികള്‍.

പാലാ:  പാലാ അല്‍ഫോന്‍സാ കോളേജിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവതികള്‍. അമ്മയുടെ നിഷേധിക്കപ്പെട്ട ആനുകൂല്യത്തിന് വേണ്ടിയാണ് മുത്തോലി വലിയമനയ്ക്കല്‍ മോളിയുടെ മക്കളായ ടിന്റു, റിന്റു എന്നിവര്‍ കോളേജിലെത്തിയത്.  പാലാ അല്‍ഫോന്‍സാ കോളേജിന്റെ നാലാം നിലയുള്ള കെട്ടിടത്തിന്റെ മുകളിലാണ് യുവതികള്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളേജിലെ ജീവനക്കാരിയായിരുന്ന ഇവരുടെ അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ അധികൃതര്‍ തടഞ്ഞു വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യുവതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചത്.

തുടര്‍ന്ന് ഇവരെ അനുനയിപ്പിച്ച് കോളേജ് അധികൃതര്‍ താഴെയിറക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇല്ലാത്ത സാമ്പത്തിക തിരിമറികളുടെ പേരില്‍ പതിനാല് വര്‍ഷം മുമ്പ് കോളേജില്‍ നിന്ന് മാതാവിനെ പിരിച്ചുവിട്ടു എന്നും, എന്നാല്‍ ആനുകൂല്യങ്ങള്‍ എല്ലാം മാനേജ്‌മെന്റ് നിഷേധിച്ചു എന്നുമാണ് ഇവരുടെ ആരോപണം.

അമ്മയുടെ പേരില്‍ ഒരു കേസുപോലും കൊടുക്കുകയോ, അന്വേഷണം നടത്തുകയോ, സസ്‌പെന്‍ഷന്‍ നല്‍കുകയോ ചെയ്യാതെ 10 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കേയാണ് കോളേജ് പിരിച്ചു വിടല്‍ നടത്തിയത്. പലവട്ടം നീതിക്കായി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ഭീഷണി നടത്തിയതെന്നും യുവതികള്‍ പറഞ്ഞു.