പാലാ: പാലായുടെ വികസനത്തിന് കേരളാ കോണ്‍ഗ്രസ് എം തടസ്സം സൃഷ്ടിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എം എല്‍ എ എന്ന നിലയില്‍ താന്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വികസന പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ നിരത്തി എം എല്‍ എ ചൂണ്ടിക്കാട്ടി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന മലയോര മേഖല പാലായോടു ചേര്‍ത്തിട്ടു വര്‍ഷങ്ങളായെങ്കിലും താന്‍ എം എല്‍ എ ആയതിനു ശേഷമാണ് വികസനമെത്തിച്ചത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കി. വികസനം നഗര കേന്ദ്രീകൃതമാകാതെ ഗ്രാമങ്ങളില്‍ക്കൂടി എത്തിക്കുവാനാണ് ശ്രമിച്ചു വരുന്നത്.
കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പോലും നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ പിതൃത്വവും യാതൊരു ഉളിപ്പുമില്ലാതെ ഏറ്റെടുക്കുകയാണ്. താന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് പാലായ്ക്കു ഒട്ടേറെ പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍ ഇത്തവണ നാമമാത്രമായ വിഹിതമേ പാലായ്ക്കു ലഭിച്ചിട്ടുള്ളൂ. പാലായില്‍ വികസനം നടപ്പാകരുതെന്ന അജണ്ടയാണ് കേരളാ കോണ്‍ഗ്രസ് എം നടത്തി വരുന്നത്. കെ എം മാണിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കാതെ കിടക്കുകയാണ്. അപ്രോച്ച് റോഡില്ലാതെ എട്ടു വര്‍ഷം മുമ്പ് കളരിയാമ്മാക്കല്‍ കടവ് പാലം പൂര്‍ത്തീകരിച്ചു. അരുണാപുരം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, നീലൂര്‍ കുടിവെള്ള പദ്ധതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. സഹകരണ സ്ഥാപനങ്ങളെ പുന:രുദ്ധരിക്കാന്‍ സ്ഥാപിച്ച കണ്‍സോര്‍ഷ്യം നിര്‍ജ്ജീവമാക്കപ്പെട്ടു. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് പാലാക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കീഴിലുള്ള ജലവിഭവ വകുപ്പിനു കീഴിലുള്ള പദ്ധതികള്‍ പാലായില്‍ ഒന്നും നടപ്പാക്കുന്നില്ലെന്നു എം എല്‍ എ കുറ്റപ്പെടുത്തി.
പാലായുടെ മുന്‍ എം എല്‍ എ എന്ന നിലയില്‍ കെ എം മാണി ആദരവ് അര്‍ഹിക്കുന്ന ആളാണ്. എന്നാല്‍ പാലായില്‍ എന്തിനും ഏതിനും കെ എം മാണിയുടെ മാത്രം പേര് നല്‍കുന്നത് ശരിയാണോ എന്നു ജനം വിലയിരുത്തണം. പാലായുടെ മുന്‍ ചെയര്‍മാനും എം പി യും എം എല്‍ എ യുമായിരുന്ന തന്റെ പിതാവിന്റെ പേരിലുള്ള സ്റ്റേഡിയത്തിലെ ട്രാക്കിന് വരെ കെ എം മാണിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ചരിത്ര സ്മരണീയരായ ആദരവ് അര്‍ഹിക്കുന്ന ആളുകള്‍ പാലായില്‍ ഉണ്ടെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.
പാലായുടെ വികസനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന നിലപാടില്‍ മാറ്റമില്ല. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാന്‍ തയ്യാറാണ്.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ സതീഷ് ചൊള്ളാനി, കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


