പാലാ: നാലമ്പല ദര്‍ശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന രാമപുരം - കൂത്താട്ടുകുളം റോഡില്‍ താല്‍ക്കാലികമായി കുഴികള്‍ അടയ്ക്കാനും ടൈല്‍ വിരിക്കാനുമുള്ള നടപടികള്‍ക്കു തുടക്കമായതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ബി സി ഓവര്‍ലേ ജോലികള്‍ സാധ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് താത്കാലിക അറ്റകുറ്റപണികള്‍ നടത്തുന്നത്. നാലമ്പല ദര്‍ശന ഒരുക്കങ്ങളുടെ ഭാഗമായി രാമപുരത്ത് ചേര്‍ന്ന വിശാലയോഗത്തില്‍ താല്‍ക്കാലിക നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ ക്ഷേത്ര ഭാരവാഹികള്‍ക്കു ഉറപ്പു നല്‍കിയിരുന്നു.
ഈ റോഡിന് ബി സി ഓവര്‍ലേ ജോലിക്കായി നേരത്തെ 4.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ല. ആദ്യ ടെന്‍ഡറിന് ഒരു കരാറുകാരന്‍ മാത്രമേ എത്തിയിരുന്നുള്ളൂ. തുടര്‍ന്നു രണ്ടു ടെന്‍ഡറുകള്‍ വിളിച്ചെങ്കിലും കരാര്‍ ആരും ഏറ്റെടുത്തില്ല. ഇപ്പോള്‍ മാണി സി കാപ്പന്‍ എം എല്‍ എ യുടെ അഭ്യര്‍ത്ഥന പ്രകാരം ബേബി പുരയിടം എന്ന കരാറുകാരന്‍ കൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് താത്കാലികമായി കുഴിയടയ്ക്കലും ടൈല്‍ വിരിക്കലും നടക്കുന്നത്. മഴ മാറിയാല്‍ ഉടന്‍ രാമപുരം - കൂത്താട്ടുകുളം റോഡ് പൂര്‍ണ്ണമായും ബി സി ഓവര്‍ലേ ചെയ്യുമെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി രാമപുരം കൂത്താട്ടുകുളം റോഡിന്റെ
നവീകരണത്തിനു നടപടി സ്വീകരിച്ച മാണി സി കാപ്പന്‍ എം എല്‍ എ യെ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. എം പി കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.



