Breaking News

header ads

ഡോ.ഏ.ടി. ദേവസ്യ (94) അന്തരിച്ചു


പാലാ: പ്രമുഖ ഗാന്ധിയനും ഗാന്ധിജി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും വിദ്യാർത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തയാളുമായ ഡോ.ഏ.ടി. ദേവസ്യ (94) അന്തരിച്ചു. അറയ്ക്കൽ തൊമ്മന്റെയും മറിയത്തിന്റെയും മകനായി പാലായ്ക്കടുത്ത് അന്ത്യാളം എന്ന സ്ഥലത്ത് 1928 മാർച്ച് 20 നാണ് അദ്ദേഹം ജനിച്ചത്. തൃശിനാപ്പള്ളി, മദ്രാസ് , എന്നിവിടങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്ത ബിരുദവു o നേടിയതിനു ശേഷം അമേരിക്കയിൽ ഉപരിപഠനം നടത്തി ഡോക്ടറേറ്റ് നേടി. അവിടെത്തന്നെ വിവിധ സർവ്വകലാശാലകളിൽ അധ്യാപകനായി ജോലി ചെയ്തു. തേവര സേക്രട്ട് ഹാർട്ട് കോളേജ്, സെന്റ് തോമസ് പാലാ എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
     1984 ജനുവരി 16ാം തീയതി ഗാന്ധിജി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസിലറായി അദ്ദേഹം ചുമതലയേറ്റു. ചരിത്രം എന്നും അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു. രാഷ്ട്രീയത്തിലും അദ്ദേഹം തനതായ പാത വെട്ടിത്തുറന്നു . സത്യസന്ധതയും ധാർമ്മികതയും നീതിബോധവും എല്ലാക്കാലത്തും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. വിദ്യാഭ്യാസം ജീവിതഗന്ധിയായിരിക്കണമെന്ന് എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും സർവ്വകലാശാലയുടെ ബാലാരിഷ്ടതകൾ ഇല്ലാതാക്കാൻ ദേവസ്യ സർ ദത്തശ്രദ്ധനായിരുന്നു. സർവ്വകലാശാലയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ എത്തിക്കുവാനും അതിലൂടെ വിദ്യാർത്ഥി സമൂഹത്തിന് പ്രയോജനമുണ്ടാകാനും അദ്ദേഹം ആഗ്രഹിച്ചു. സർവ്വകലാശാലയ്ക്ക് സ്വന്തമായി സ്ഥലം വാങ്ങിച്ചതിലോ കെട്ടിടങ്ങൾ പണിതതിലോ യാതൊരുവിധ അഴിമതിയും  ഉണ്ടായിട്ടില്ല. സത്യത്തിന്റെ മാർഗ്ഗത്തിലൂടെയാണ് ഗാന്ധിയനായ ദേവസ്യസർ സഞ്ചരിച്ചത്.
     ഭാരതത്തെയും പിറന്ന മണ്ണിനെയും അദ്ദേഹം തീവ്രമായി സ്നേഹിച്ചു. തന്റെ ജീവിതാവസാന കാലത്ത് നാട്ടിൽ ത്തന്നെ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പ്രിയപത്നിയുടെ വേർപാടിനു ശേഷം അമേരിക്കയിൽ സ്ഥിരതാമസം ഉദ്ദേശിച്ച് മക്കൾ അവിടേക്ക് അദ്ദേഹത്തെ കൊണ്ടു പോയിയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ ദേവസ്യ സർ നാട്ടിൽ മടങ്ങിയെത്തി.
      ദേവസ്യ സർ കുപിതനാകാറില്ലായിരുന്നു. അടുത്ത സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ മാത്രം അദ്ദേഹം തന്റെ വികാരങ്ങൾ പങ്കുവെച്ചിരുന്നു. മിതവ്യയം ശീലമാക്കിയിരുന്ന അദ്ദേഹം തന്റെയടുക്കൽ എത്തിയ ആരെയും നിരാശരാക്കിയിട്ടില്ല. മഹത്തായ ആദർശത്തിന്റെയും നാടിന്റെ നന്മയുടെയും തണലിൽ ജീവിച്ച ദേവസ്യ സർ എന്ന മഹാശയൻ അനേകരുടെ ജീവിതത്തിലെ പ്രകാശ ദീപമാണ്. പാലാ കൂട്ടിയാനിയിൽ പരേതയായ മറിയക്കുട്ടിയാണ് ഭാര്യ. മക്കൾ :മേരി ദേവസ്യ (യു.എസ്.എ) കുരിശുംമൂട്ടിൽ (കളമശ്ശേരി), ടിമ്മി ദേവസ്യ (യു.എസ്.എ.), ഡോ.റസ്സി ദേവസ്യ (യു.എസ്. എ.)എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ. സജു ഈപ്പൻ കുരിശുംമൂട്ടിൽ (യു.എസ്.എ.), സുമിത തേവർകാട്ട് (യു.എസ്. എ) , ഡോ. ജഫ് ആൻഡേഴ്സൺ (യു.എസ്.എ.)
മൃതദേഹം വെള്ളിയാഴ്ച (30-09-2022 ) വൈകുന്നേരം 5 മണിക്ക് 12-ാം മൈലിലുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്. ശവസംസ്കാരകർമ്മം ശനിയാഴ്ച (1 -10-2022 ) ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും 3 മണിയോടു കൂടി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ  അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.