Breaking News

header ads

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.

പാലാ: പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശത്ത് സ്ഥിരം വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. സ്റ്റാന്‍ഡിന് എതിര്‍വശത്തെ നിലവിലുള്ള ഓടകള്‍ തുറന്ന് നവീകരിച്ച് മഴവെള്ളം കഴിഞ്ഞയിടെ പൂര്‍ത്തീകരിച്ച കലുങ്കിലേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. 12 ലക്ഷം രൂപയുടെ ജോലികളാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. 

സണ്‍സ്റ്റാര്‍ ഭാഗത്തെ ഉയര്‍ന്ന മേഖലയില്‍ നിന്നും മഴ പെയ്യുമ്പോള്‍ വലിയ അളവിലുള്ള മഴവെള്ളമാണ് കെഎസ്ആര്‍ടിസിയ്ക്ക് മുന്നിലെ പ്രധാന റോഡിലേയ്ക്ക് ഒഴുകി എത്തുന്നത്. ചെറിയ ഓടയുള്ള ഈ ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് ഇതുമൂലം ഉണ്ടായിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ഓട പൊളിച്ച് നിര്‍മാണം നടത്താന്‍ അധികാരികള്‍ തയാറാകുന്നില്ലെന്ന് കാട്ടി മഹാത്മാ ഗാന്ധി നാഷണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് പലതവണ സമൂഹമാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 

ഇവിടെയുണ്ടായിരുന്ന ഓട ഇടുങ്ങിയതും ഉള്ളില്‍ നിന്നും ഇടിഞ്ഞ് വീണ് ഓട അടഞ്ഞതുമാണ് വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കിയത്. ചെറിയ കോണ്‍ക്രീറ്റ് പൈപ്പുകളാണ് ഓടയില്‍ സ്ഥാപിച്ചിരുന്നത്. ഇത് പലയിടത്തും പൊട്ടിയ നിലയിലുമായിരുന്നു. പഴയ കല്ലുകള്‍കൊണ്ട് കെട്ടിന് മുകളിലാണ് സ്‌ളാബുകള്‍ സ്ഥാപിച്ചിരുന്നത്. ഇത് മാറ്റി ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായി ഓടയുടെ വീതിയും വര്‍ധിപ്പിക്കും. വെള്ളം പൂര്‍ണമായും പുതിയ കലുങ്കിലൂടെ ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെയുള്ള സ്വകാര്യസ്ഥാപനങ്ങളിലേയ്ക്ക് വാഹനങ്ങള്‍ ഇപ്പോള്‍ കയറാനാകില്ല. വേഗത്തില്‍തന്നെ പണികള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.