പാലാ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ 'ഓര്‍മ്മ' പാലായിൽ സംഘടിപ്പിക്കുന്ന ആകെ നാലു ലക്ഷത്തിൽപരം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഓൺലൈനിൽ വിജയകരമായ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12 നു പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് വിപുലമായി രീതിയില്‍ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എൽ എ, മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ചലചിത്ര സംവിധായകന്‍ സിബി മലയില്‍ തുടങ്ങിയവർ പങ്കെടുക്കും.
കേരളാ ഹൈക്കോടതി മുൻ ജഡ്ജി കെ. നാരായണക്കുറുപ്പ് ചെയര്‍മാനായ പാനലാണ് ഫൈനല്‍ റൗണ്ടില്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളാകുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡി ജി പി ബി. സന്ധ്യ, ഡോ. ജില്‍സണ്‍ ജോണ്‍, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് വൈസ് പ്രിന്‍സിപ്പൽ ഡോ. ജിലു അനി ജോണ്‍, ഫിലാഡല്‍ഫിയയിലെ പ്രശസ്തനായ അറ്റോര്‍ണി അഡ്വ. ജോസഫ് എം കുന്നേല്‍ എന്നിവരാണ് ഫൈനല്‍ റൗണ്ട് വിധികർത്താക്കൾ. പൊതു സമ്മേളനത്തില്‍ ചലചിത്ര സംവിധായകന്‍ സിബി മലയില്‍ വിജയികളെ പ്രഖ്യാപിക്കും.
വാർത്ത സമ്മേളനത്തിൽ ഓർമ ടാലൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓർമ കേരള ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ, റെജി മോൻ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.

