പാലാ: 43-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേറ്റ് വോളിബോൾ ടൂർണമെന്റ് ഈ മാസം 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. കോളേജിന്റെ സ്ഥാപകനും പാലാ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ സ്മരണാർത്ഥമാണ് ടൂർണമെന്റ്. വോളിബോളിൽ കേരളത്തിന്റെ പ്രശസ്തിയെ അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയർത്തിയ പാലാ സെന്റ്. തോമസ് കോളേജിന്റെ പൂർവവിദ്യാർഥി ജിമ്മി ജോർജിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിൽ കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായ പുരുഷ വനിതാ ടീമുകൾ മത്സരിക്കും. ഒക്ടോബർ 9ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് തോമസ് കോളേജിലെ മുൻ വോളിബോൾ ടീമംഗവും കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിൻ നയിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ടീമും പാലാ എം.എൽ.എയും മുൻ ഇന്റർനാഷണൽ വോളിബോൾ താരവുമായ ശ്രീ. മാണി സി. കാപ്പൻ നയിക്കുന്ന അന്ത്യാളം സിക്സസും തമ്മിൽ പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടും. രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ പ്രൈം വോളി ലീഗിലെ മിന്നും താരങ്ങൾ കോളേജ് ടീമുകളുടെ ഭാഗമായി മത്സരിക്കും. കായിക മേഖലയിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത പാലാ സെന്റ് തോമസിൽ ടെന്നീസ്, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, നീന്തൽ അക്കാദമികൾ അന്താരാഷ്ട്ര സൗകര്യങ്ങളോടെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി കായിക താരങ്ങളും പരിശീലകരും ഇവിടം സന്ദർശിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ട് . ടൂർണമെന്റ് പന്ത്രണ്ടാം തീയതി വ്യാഴാഴ്ച സമാപിക്കും.
വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ Prof.Dr. ജെയിംസ് ജോൺ വൈസ് പ്രിൻസിപ്പിൽമാരായ
Dr. ഡേവിസ് സേവിയർ,
Dr. സാൽവിൻ കാപ്പിലുപറമ്പിൽ ,അലുംനി അസോസിയേഷൻ പ്രസിഡന്റ് , ശ്രീ :ഡിജോ കാപ്പൻ,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവൻ ശ്രീ :ആഷിഷ് ജോസഫ്
തുടങ്ങിയവർ പങ്കെടുത്തു.

