Breaking News

header ads

പാലായുടെ കിഴക്കൻ മേഖലയിൽ വികസന കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി: മാണി സി കാപ്പൻ

പാലാ: പാലാ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി  അവഗണിക്കപ്പെട്ടുകിടന്നിരുന്ന പാലായുടെ കിഴക്കൻ മേഖലയിലെ മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ താൻ പൂർത്തിയാക്കിയ നാലു വർഷകാലാവധിയിൽ വികസനകാര്യത്തിൽ വൻ കുതിച്ചുചാട്ടം നടത്താൻ സാധിച്ചിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പത്രസമ്മേളനത്തിൽ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് ഈ മേഖലയിലെ ജനങ്ങൾ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നു അവിടുത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു വരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. അന്തർദ്ദേശീയ നിലവാരത്തിൽ ഈ മേഖലയിൽ റോഡ് നിർമ്മിക്കപ്പെട്ടത് താൻ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ്. വാഗ്ദാനങ്ങൾ പാലിക്കാനായതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡ് നവീകരണം (11.19 കോടി), ചില്ലച്ചിപ്പാലം (3.50 കോടി), തീക്കോയി തലനാട് റോഡ് (8 കോടി), കോണിപ്പാട് മങ്കൊമ്പ് ഉപ്പിടുപാറ റോഡ് (2.50 ), അന്തീനാട് മേലുകാവ് റോഡിൽ കുരിശിങ്കൽ പാലം (5 കോടി), കടവുപുഴ പാലം (3.70 കോടി) തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കിയതും നടപ്പാക്കി വരുന്നതും. ഇതു വഴി ഇല്ലിക്കക്കല്ലിൻ്റെയും ഇലവീഴാപൂഞ്ചിറയുടെയും വികസനം സാധ്യമാക്കി. ഈ മേഖലയിൽ ടൂറിസത്തിന് ഉണർവ്വേകാനും സാധിച്ചു.  

മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ബജറ്റിലൂടെയും എം എൽ എ ഫണ്ടിലൂടെയും കോടികൾ അനുവദിപ്പിക്കാൻ സാധിച്ചു. വികസനം നഗര കേന്ദ്രീകൃതമാകാതെ എല്ലാമേഖലകളിലും എത്തിക്കാനാണ് ശ്രദ്ധിച്ചത്. 

പാലാ ബൈപാസിൻ്റെ പ്രധാന തടസ്സം ഒഴിവാക്കാൻ സാധിച്ചത് നേട്ടമാണ്. വർഷങ്ങളായി തൂണിൽ നിൽക്കുന്ന കളരിയാമാക്കൽ കടവ് പാലത്തിന് തുടർറോഡും അപ്രോച്ച് റോഡും തയ്യാറാക്കി ഗതാഗതം സജ്ജമാക്കാനുള്ള നടപടികൾ ധൃതഗതിയിൽ നടത്തിവരികയാണ്. പാലായിൽ മീനച്ചിലാറിൻ്റെ തീരത്ത് ജലക്ഷാമം പരിഹരിക്കുന്നതിനുതകുന്ന അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജിന് പണം അനുവദിപ്പിച്ചിട്ടുണ്ടെങ്കിലും തടസ്സപ്പെട്ടു കിടക്കുകയാണ്. അത് നടപ്പാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. മലങ്കര പദ്ധതി പുന:രാരംഭിക്കാനുള്ള നടപടികൾക്കു തുടക്കം കുറിയ്ക്കാനും സാധിച്ചു. രാഷ്ട്രീയത്തിനതീതമായ വികസനമാണ് തൻ്റെ ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു. പാലായുടെ വികസനത്തിന് ആരുമായും സഹകരിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. എം എൽ എ യുടെ സെക്രട്ടറി ടി വി ജോർജ്, പ്രസ് സെക്രട്ടറി എബി ജെ ജോസ്, എം പി കൃഷ്ണൻ നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.