Breaking News

header ads

പാലാ നഗരസഭയ്ക്ക് 53 ലക്ഷം രൂപ ബാക്കി പ്രതിക്ഷിക്കുന്ന മിച്ച ബജറ്റ്

പാലാ: പാലാ നഗരസഭയ്ക്ക് 53 ലക്ഷം രൂപ ബാക്കി പ്രതിക്ഷിക്കുന്ന മിച്ച ബജറ്റ്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ബജറ്റ് പാസാകാതെ വന്നതിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ ചട്ടപ്രകാരം ചെയര്‍മാന്‍ ഷാജു തുരുത്തനാണ് ബജറ്റവതരണം തുടങ്ങി വച്ചത്. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി ബജറ്റ് വായിച്ചു. അതിനിടെ കസേര പ്രശ്‌നത്തെ തുടര്‍ന്ന് യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ ഹാളില്‍ പായ വിരിച്ചിരുന്ന് പ്രതിഷേധിച്ചു. 

മുന്നിരിപ്പ് ബാക്കി ഉള്‍പ്പെടെ 34.9 കോടി രൂപ വരവും 34.37 കോടി രൂപ ചെലവും പ്രതിക്ഷിക്കുന്ന ബജറ്റാണ് പാലാ നഗരസഭ മുന്നോട്ട് വച്ചത്. നഗരസഭ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാന്ത്രികവിദ്യ ആരുടെയും കൈയിലില്ല എന്ന മുഖവരുയോടെയാണ് ബജറ്റ് ആരംഭിച്ചത്. പെന്‍ഷന്‍ ശമ്പളം വെള്ളം, വൈദ്യുതി ബില്ലുകളില്‍ ഉണ്ടായ വര്‍ധനവിന് അനുസൃതമായ വരവ് ലഭിക്കാത്തത് പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കുന്നു. പെന്‍ഷന്‍ ഇനത്തില്‍ 9.5 കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാകാത്തത് വലിയ ധനകാര്യ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. എന്നിരുന്നാലും വരുമാന വര്‍ധനവിനാവശ്യമായ മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 

നഗരസഭാ കെട്ടിടങ്ങളുടെ വാക പിരിക്കാന്‍ സംവിധാനം ഏര്‍പ്പെുത്തും. വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നികുതി ഈടാക്കും. ലോയേഴ്‌സ് ചേംബര്‍, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പഴസ വാഹനങ്ങള്‍ എന്നിവ ലേലം ചെയ്യാന്‍ നടപടി ഉണ്ടാകും. പുതിയ ജീവനക്കാരെ നിയമിക്കാതെ തന്നെ ടൗണിലെ മാലിന്യനീക്കത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം വാടകവാഹനങ്ങളാവും എടുക്കുക. അധിക തസ്തികകള്‍ പുനര്‍വിന്യസിക്കും. പാലായലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി മണല്‍വാരി ലേലം ചെയ്യാന്‍ നടപടിയെടുക്കും. ഇത് വരുമാനത്തിനും സഹായകരമാവും. 

ജനറല്‍ ആശുപത്രിയില്‍ ആധുനിക കാന്റീന്‍ നിര്‍മാണത്തിന് 10 ലക്ഷം രൂപ വകയിരുത്തി. ആശുപത്രി വളപ്പില്‍ വാഹനഗതാഗത ക്രമീകരണത്തിന് 25 ലക്ഷം രൂപയും വിനിയോഗിക്കും.  അടിസ്ഥാന സൗകര്യവികസനത്തിന് 3 കോടിയും വകയിരുത്തി. ആയുര്‍വേദ ആശുപത്രി വികസനത്തിന് 25 ലക്ഷവും പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് 20 ലക്ഷവും വയോമിത്രത്തിന് 10 ലക്ഷവും മാറ്റി വെച്ചു. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ന്ന് സ്‌പോര്‍ട്‌സ് മെഡിസിന്‍ ലക്ഷ്യമിടുന്നതോടൊപ്പം കായികതാരങ്ങള്‍ക്ക് പ്രഭാത ഭക്ഷണത്തിനായി 2 ലക്ഷം വിനിയോഗിക്കും. ഇഎംഎസ് കളിസ്ഥലം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തും. 

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നവീകരണത്തിന് 7 ലക്ഷം അംഗന്‍വാടികള്‍ക്ക് 28 ലക്ഷം, കുടുംബശ്രീ പ്രോല്‍സാഹനത്തിന് 1 ലക്ഷം എന്നിങ്ങനെ വിനിയോഗിക്കും. കുടിവെള്ള പദ്ധതികള്‍ക്കായി 54 ലക്ഷം ഭവന പദ്ധതികള്ക്ക് 40 ലക്ഷം, റോഡ് വികസനത്തിന് 4 കോടി എന്നിങ്ങനെ വകയിരുത്തി. നഗരസഭ ഓഫീസ് വികസനത്തിന് 6 ലക്ഷം, അഡീഷണല്‍ ബ്ലോക്കിന് 10 ലക്ഷം, ഓപ്പണ്‍ സ്റ്റേജ് നവീകരണത്തിന് 6 ലക്ഷം, ഓഫീസ് റൂഫിംഗിന് 15 ലക്ഷം ലിഫ്റ്റ് സൗകര്യത്തിന് 3 ലക്ഷം ജിഐഎസ് മാപ്പിംഗിന് 15 ലക്ഷം എന്നിങ്ങനെയും വകയിരുത്തി. ളാലം ജംഗ്ഷനില്‍ ഓപ്പണ്‍ സ്റ്റേജിന് 4 ലക്ഷം ഉപയോഗിക്കും. ആര്‍വി പാര്‍ക്കില്‍ ഹാപ്പിനെസ് പാര്‍ക്കിന് 10 ലക്ഷം വകയിരുത്തി.