പാലാ: പാലാ സെന്റ് തോമസ് കോളജിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ക്ക് 16 ന് തിരി തെളിയും. രാവിലെ പത്തിന് ബിഷപ് വയലില്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷനും കോളജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിര്‍വ്വഹിക്കും. കോളജിന്റെ സ്ഥാപകരും മാര്‍ഗ്ഗദര്‍ശികളുമായിരുന്ന മഹത്‌വ്യക്തികള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് പാലാ രൂപത മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ പ്രസംഗിക്കും. മന്ത്രിയും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ റോഷി അഗസ്റ്റിന്‍ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും.
ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ മാതൃക അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം പി അനാഛാദനം ചെയ്യും. നവീകരിച്ച പരീക്ഷ വിഭാഗത്തിന്റെ താക്കോല്‍കൈമാറ്റ കര്‍മ്മം ജോസ് കെ. മാണി എം പിയും നിര്‍വഹിക്കും. ക്യാമ്പസില്‍, മിയാവാക്കി മാതൃകയില്‍ രൂപപ്പെടുത്തുന്ന നഗരവനത്തിന്റെ ഉദ്ഘാടനം പൂര്‍വ്വവിദ്യാര്‍ത്ഥി ആന്റോ ആന്റണി എം പി വൃക്ഷത്തൈ നട്ട്
നിര്‍വ്വഹിക്കും.
ജൂബിലി മെമന്റോ പ്രകാശന കര്‍മ്മം മാണി സി. കാപ്പന്‍ എംഎല്‍എയും ജൂബിലിവര്‍ഷ സൂചകമായി 75 ചന്ദന തൈകള്‍ ക്യാമ്പസില്‍ നടുന്നതിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാജു വി. തുരുത്തനും നിര്‍വ്വഹിക്കും. ജൂബിലിവര്‍ഷത്തിലെ വിവിധ പരിപാടികളുടെ സംക്ഷിപ്താവതരണം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ഡിജോ കാപ്പനും നവീകരിച്ച ജിംനേഷ്യത്തിന്റെ താക്കോല്‍ദാനം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫും നിര്‍വ്വഹിക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കമെന്ന് കോളജില്‍ വച്ചുനടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു. കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ജൂബിലി കമ്മറ്റി സെക്രട്ടറി ആഷിഷ് ജോസഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ഡിജോ കാപ്പന്‍, സെക്രട്ടറി ഡോ. സാബു ഡി മാത്യു എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.

