Breaking News

header ads

തിരുവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം-മാര്‍ കല്ലറങ്ങാട്ട്

പാലാ : ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും  മംഗള വാര്‍ത്ത കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. തിരുവചനം വെളിച്ചം പകരേണ്ടതതാണെന്നും  പടരേണ്ടതാണെന്നും പകര്‍ത്തേണ്ടതാണെന്നും വെളിച്ചം ജീവിതത്തില്‍ കൊണ്ട് നടക്കേണ്ടതാണെന്നും ബിഷപ്പ് പറഞ്ഞു.
ഈശോ എന്ന കുഞ്ഞിനെ കുറിച്ചുള്ള ഭയമാണ് ഹേറോദോസിനുണ്ടായിരുന്നത്. അസൂയ വളര്‍ന്നു മക്കളെയും ബന്ധുക്കളെയും കൊല്ലാന്‍ മടിയില്ലാത്ത ഹേറോദിയന്‍ മനോഭാവം ഇപ്പോള്‍് സാധാരണമാണ്. അതിനെതിരെയുള്ള ശക്തി മംഗലവര്‍ത്ത കാലത്തില്‍ നാം സ്വീകരിക്കണം. അസൂയ ഒരു വലിയ രോഗമാണ്. അസൂയ പിറക്കുന്ന സ്ഥലത്ത് സമാധാന പിറവി ക്ലേശകരമാണ്. തിരുപിറവിയുടെ കാലത്ത് നമ്മുടെ ഉള്ളിലെ കൃത്രിമത്വം അഴിച്ചു മാറ്റേണ്ട സമയമാണ്. ഭൗതികത വെടിഞ്ഞ് ശാലീനതയും കുലീനതയും സ്വന്തമാക്കുമ്പോഴാണ് പിറവിയുടെ സന്ദേശം നമുക്ക് സ്വന്തമാക്കാന്‍ പറ്റുന്നത്. നമ്മുടെ ഉള്ളിലെ ശൈശവ നൈര്‍മല്യം വീണ്ടടുക്കണം. ആത്മീയത ഉണ്ടെങ്കിലേ ദൈവം പിറക്കൂവെന്നും ബിഷപ്പ് പറഞ്ഞു.
കണ്‍വെന്‍ഷനില്‍ നാം പഠിക്കുന്നത് ദൈവ വചനമാണ്.
മനുഷ്യരുടെ മുഖം നോക്കാതെ സത്യത്തിന്റെ മുഖം നോക്കി ജീവിച്ച നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യം നാം സ്വീകരിക്കണം. നമ്മുടെ പിതാക്കന്മാരെ കുറിച്ച് പഠിക്കുമ്പോഴാണ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നത്.
എഴുതപെട്ട വചനവും ആഘോഷിക്കുന്ന വചനവും പാരമ്പര്യങ്ങളും കണ്‍വന്‍ഷന്റെ ഭാഗമാണ്.

പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
പാലാ: പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വെന്‍ഷന് സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ തിരി തെളിഞ്ഞു.  അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ നയിക്കുന്നത്.  ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയും നാലിന് വിശുദ്ധ കുര്‍ബാനയോടെയും ആരംഭിച്ച് രാത്രി ഒന്‍പതിന് ദിവ്യകാരുണ്യആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ബിഷപ്പ്  മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
................................................................
യുവജന മഹാസംഗമം നാളെ
 യുവജനവര്‍ഷ ആചരണത്തിന്റെ ഭാഗമായി യുവജനസംഗമം  എല്‍ റോയി ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ യുവജന സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും. രൂപതയിലെ മുഴുവന്‍ യുവജനസംഘടനകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെ
സംഘടിപ്പിക്കുന്ന ഈ മഹാസംഗമം ആത്മീയപ്രഭാഷണങ്ങളാലും ഭക്തിസാന്ദ്രമായ ആരാധനയാലും മ്യൂസിക് ബാന്റുകളാലും അനുഗ്രഹീതമായിരിക്കും. യുവജനങ്ങളെ ആത്മീയമായി നവീകരിക്കുകയും ഐക്യത്തിലും സമുദായസ്‌നേഹത്തിലും ശക്തിപ്പെടുത്തുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.

കണ്‍വെന്‍ഷന്‍ ഒന്നാം ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയെത്തുടര്‍ന്ന് ഫാ. മാത്യു പുല്ലുകാലായില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്ക് മോണ്‍.ജോസഫ് മലേപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ സ്വാഗതം പറഞ്ഞു.  മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തിരി തെളിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, മാണി സി കാപ്പന്‍ എം എല്‍ എ, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍, ഫാ. മാത്യു പുല്ലുകാലായില്‍,ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ജോസ് കാക്കല്ലില്‍, റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ജോസഫ് തടത്തില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, വി.വി.ജോര്‍ജുകുട്ടി, ബിനു വാഴേപ്പറമ്പില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്, സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍, ബാബു പെരിയപ്പുറം, ജോണ്‍സണ്‍ തടത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
..............................................................................
ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇന്ന്

ബൈബിള്‍ കണ്‍വെന്‍ഷന്‍ രണ്ടാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാനക്ക് മാര്‍.ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ജോസഫ് മുത്തനാട്ട്, ഫാ.ജോസ് കുറ്റിയാങ്കല്‍, ഫാ.ഇമ്മാനുവേല്‍ കാഞ്ഞിരതുങ്കല്‍, ഫാ. ജോര്‍ജ് ഒഴുകയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വൈകുന്നേരം നാലു മുതല്‍ എട്ടു വരെ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍  കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.