പാലാ: വനിതാ വിദ്യാഭ്യാസ രംഗത്തും സ്ത്രീശക്തികരണ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച പാലാ അൽഫോൻസാ കോളേജിന് ഡോ. പ്രമീളാദേവിയുടെ അഭിനന്ദനം.കോളജിലെ വനിതാ ദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത ഡോ. പ്രമീള ദേവി, കോളജിന്റെ earn while you learn പ്രോഗ്രാമിന്റെ ഭാഗമായി പഠനത്തോടൊപ്പം വിവിധ മേഖലകളിൽ ജോലിചെയ്ത് പഠനാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു. വനിത വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് 1964 ൽ പാലാ രൂപത സ്ഥാപിച്ച അൽഫോൻസാ കോളേജ് 60 വർഷങ്ങൾ പിന്നിടുമ്പോൾ പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന നൂതന പരിപാടികളുമായി മുന്നേറുന്നു. പാർട്ട് ടൈം ആയി ജോലി ചെയ്യാൻ താല്പര്യമുള്ള കുട്ടികൾക്ക് അതിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ കോളജിന്റെ സമയം പുനക്രമീകരിച്ച് ക്ലാസുകൾ രണ്ടുമണിവരെയാക്കിയിരുന്നു. ഈ അവസരം ഉപയോഗിച്ച് ഹോസ്പിറ്റലുകൾ, സൂപ്പർ മാർക്കറ്റുകൾ, ട്യൂഷൻ സെൻററുകൾ മുതലായ മേഖലകളിലെ തൊഴിലവസരങ്ങളും സ്വയം തൊഴിൽ സംരംഭങ്ങളും വഴി സ്വന്തമായി പണം സമ്പാദിച്ച് മാതൃകയായ കുട്ടികളെ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള,കോളേജ് ബർസാർ ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ വിമൻ സെൽ കോർഡിനേറ്റർ സ്മിതാ ക്ലാരി ജോസഫ് എന്നിവർ അഭിനന്ദിച്ചു. നമ്മുടെ കുട്ടികൾ മറുനാടുകളിൽ പഠനത്തോടൊപ്പം ജോലി ചെയ്യുക എന്ന സങ്കല്പം അഭിമാനപൂർവ്വം പ്രാവർത്തികമാക്കുമ്പോൾ നമ്മുടെ നാട്ടിലും ഈ രീതിയിൽ ഉള്ള ചിന്തകൾ വളർത്തിയെടുക്കേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്ന അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ സാധിക്കുന്ന ഇതുപോലുള്ള പരിപാടികൾ മാതൃകാ പരമാണെന്ന് വിലയിരുത്തപ്പെട്ടു.

