Breaking News

header ads

പാലാ ജൂബിലി തിരുനാളിന് കൊടിയേറി

പാലാ: ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. ഏഴ്,എട്ട് തിയതികളിലാണ് പ്രധാന തിരുനാള്‍.മഇന്നലെ വൈകുന്നേരം ആറിന് അമലോത്ഭവ കപ്പേളയില്‍ കത്തിഡ്രല്‍ പള്ളി വികാരി ഫാ.ജോസ് കാക്കല്ലില്‍ കൊടിയേറ്റം കര്‍മ്മം നിര്‍വഹിച്ചു. ഇനി ഏഴുനാള്‍ പാലായ്ക്ക് തിരുക്കര്‍മ്മങ്ങളുടെയും ആഘോഷത്തിന്റെയും പുണ്യദിനങ്ങളാണ് സമ്മാനിക്കുന്നത്. നഗര വീഥികള്‍  കൊടി തോരണങ്ങളാലും വര്‍ണ വിളക്കുകളാലും അലങ്കാരങ്ങളാലും നിറയുകയാണ്. ആറ് വരെ ദിവസവും  പുലര്‍ച്ചെ 5.30നും വൈകുന്നേരം  ആറിനും വിശുദ്ധ കുര്‍ബാന. ഏഴിന് രാവിലെ 7.30ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പന്തലില്‍ പ്രതിഷ്ഠിക്കും. എട്ടിന് പാലാ സെന്റ് മേരിസ് ഹയര്‍ സെക്കന്ററി  സ്‌കൂള്‍ കുട്ടികളുടെ മരിയന്‍ റാലി.
 ..........................................................
   ജൂബിലി സാസ്‌ക്കാരിക ഘോഷയാത്ര
ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഏഴിന്
ഉച്ചകഴിഞ്ഞ് 2.30ന് പ്രധാന വീഥിയിലൂടെ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തവും നവീനവുമായ മുപ്പതില്‍പ്പരം കലാരൂപങ്ങള്‍ അണിനിരക്കും.
..............................................................................................
നാടകമേള ഒന്നു മുതല്‍
സിവൈഎംഎല്‍ നടത്തുന്ന നാടകമേള ടൗണ്‍ ഹാളില്‍ ആരംഭിച്ചു. ആറു വരെ ദിവസവും രാത്രി 7.30നു ടൗണ്‍ ഹാളിലാണ് നാടകമേള.  നാടകമേളയില്‍ ഇന്നലെ ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ അരങ്ങേറി. നാളെ ചിറയന്‍കീഴ് അനുഗ്രഹയുടെ ചിത്തിര, മൂന്നിന് കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ വനിത മെസ്, നാലിന് തിരുവനന്തപുരം അസിധാരയുടെ പൊരുള്‍, അഞ്ചന് കോഴിക്കോട് വടകര വരദയുടെ അമ്മമഴക്കാറ്, ആറിന്  ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം എന്നിവ അരങ്ങേറും.
................................................................
ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം
പാലാ: പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കുറുമുണ്ടയില്‍ ജുവല്ലറി സ്പോണ്‍സര്‍ ചെയ്ത് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം  ഡിസംബര്‍ ഏഴിന് മൂന്നിന് പാലാ ടൗണില്‍ നടക്കും. ഒന്നാം സമ്മാനമായി 20,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 12,000 രൂപ തുടര്‍ന്ന് യഥാക്രമം 10,000 രൂപ, 8,000 രൂപ, 6,000 രൂപ, 5,000 രൂപ, 4,000 രൂപ, 3,000രൂപ, 2,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡുകളും കുറുമുണ്ടയില്‍ ട്രോഫിയും വിതരണം ചെയ്യും.
....................................................................................................
ബൈബിള്‍ ടാബ്ലോ മത്സരം
പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കുറ്റിയാങ്കല്‍ റബര്‍ നേഴ്‌സറി സ്‌പോണ്‍സര്‍ ചെയ്ത് ജൂബിലി ആഘോഷക്കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരം ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് 3.45നു സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച് ളാലം പാലം ജംഗ്ഷനില്‍ സമാപിക്കും. വിജയികള്‍ക്ക് യഥാക്രമം 50001, 40001, 30001 രൂപയും ട്രോഫിയും നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് 15000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
..............................................................
വോളിബോള്‍ ടൂര്‍ണമെന്റ്
പാലാ:പാലാ സ്പോര്‍ട്സ് ക്ലബ്ബിന്റ 30 ാമത് ജൂബിലി വോളിബോള്‍ ടൂര്‍ണമെന്റ് ആറു വരെ നഗരസഭ ഫ്ലഡ്ലിറ്റ് കോര്‍ട്ടില്‍ നടത്തും. കേരളത്തിലെ പ്രമുഖ ടീമുകളും മറ്റു സംസ്ഥാന ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും എവര്‍റോളിംഗ് ട്രോഫിയും നല്‍കും.
..........................................................................................
ഫുഡ് ഫെസ്റ്റ്
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് ഡിസംബര്‍ നാലു മുതല്‍ എട്ടു വരെ പുഴക്കര മൈതാനത്ത് ഫുഡ് ഫെസ്റ്റ് നടത്തും. സ്വദേശ, വിദേശ വിഭവങ്ങളുടെ വിപുലമായ കലവറ ഒരുങ്ങും.
50 ലേറെ സ്റ്റാളുകളിലായി നടത്തുന്ന ഫെസ്റ്റില്‍ വാഹന പ്രദര്‍ശന പവിലിയനുമുണ്ട്.