പാലാ: നഗരസഭയ്ക്ക് 72,76,31603കോടി രൂപാ വരവും 69,39,89000 രൂപാ ചെലവും 3,36,42603 രൂപാ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പാലാ നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ഇന്നലെ അവതരിപ്പിച്ചു. നഗരസഭാ ഭരണ നേതൃത്വം മുന്നോട്ടു വെച്ച അമിനിറ്റി സെന്റര്‍ തോണിക്കടവ് തൂക്കുപാലം തന്നെയാണ് ഇത്തവണ ബജറ്റിലെ സ്വപ്ന പദ്ധതി. 68 ലക്ഷം രൂപ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, റോഡ് നവീകരണം, കുടിവെള്ള വിതരണം, ശുചിത്വം, ആരോഗ്യസംരക്ഷണം, സാമൂഖ്യ ക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു.
ഓഫീസ് കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയും ആര്‍. വി പാര്‍ക്കില്‍ പവലിയന്‍ നിര്‍മാണത്തിന് 25 ലക്ഷം രൂപയും പാലായെ ലഹരി മുക്തമാക്കാന്‍ വിമുക്തി ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലക്ക് 11 ലക്ഷം രൂപയും ഉല്‍പാദന മേഖലക്കായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അനുപൂരക പോഷകാഹാര പദ്ധതി നടപ്പാക്കുന്നതിനായി 12 ലക്ഷം രൂപയും കുമാരനാശാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുമാരനാശാന്‍ പ്രതിമ സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപയും വയോമിത്രം പദ്ധതികള്‍ക്കായി 26,50000 രൂപയും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മൂന്നരലക്ഷം രൂപയും എസ്‌സിഎസ് ടി പദ്ധതികള്‍ക്കായി 3100041 രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പിന് 1550000 രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭാധ്യക്ഷ ദിയ ബിനു അധ്യക്ഷത വഹിച്ചു.
ബഡ്ജറ്റ് സ്വാഗതാര്‍ഹം - പ്രതിപക്ഷം
പാലാ: ബജറ്റ് തയാറാക്കുന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഒഴികെ ബാക്കിയെല്ലാവരും പ്രതിപക്ഷാംഗങ്ങളാണെന്നും ഇവര്‍ ചര്‍ച്ച ചെയ്ത് മുന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായി ചെയ്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിച്ചുമാണ് കമ്മറ്റി ബജറ്റ് പാസാക്കിയതെന്നും ബജറ്റ് സ്വാഗതാര്‍ഹമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലുപടവന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളായ ബിജു പാലുപടവന്‍, ബെറ്റി ഷാജു, ജോസിന്‍ ബിനോ, ജോര്‍ജുകുട്ടി ചെറുവള്ളി എന്നിവരാണ് അംഗങ്ങള്‍.

